ജി ദേവരാജന്‍

 

പരവൂര്‍ ജി ദേവരാജന്‍ എന്ന ദേവരാജന്‍ മാസ്റ്റര്‍.

'ഞാനൊരു ചലച്ചിത്ര സംഗീതസംവിധായകനാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. ആഗ്രഹിച്ചിരുന്നുമില്ല; പക്ഷെ, അതു സംഭവിച്ചു. ഒരു നിയോഗവും ജീവിതദൗത്യവുമായി ഞാനതിനെ കണക്കാക്കുന്നു' എന്ന് സ്വയം വിലയിരുത്തുന്ന ആ വിനായാന്വിതന്‍ ആരാണ്?

1927 സെപ്റ്റംബര്‍ 27-ന്, കൊല്ലം ജില്ലയിലെ പരവൂര്‍ കോട്ടപ്പുറത്ത് പന്നക്കാടില്‍ കൊച്ചുഗോവിന്ദനാശാന്റെയും കൊച്ചുകുഞ്ഞിന്റെയും മൂത്തമകനായിട്ടാണ് പരവൂര്‍ ഗോവിന്ദന്‍ ദേവരാജന്‍ എന്ന ജി ദേവരാജന്‍ മാസ്റ്റര്‍ പിറന്നത്.

വീട്ടില്‍ അദ്ധ്യാപകനെ വരുത്തി പഠിച്ചും തെക്കുംഭാഗം ലോവര്‍ പ്രൈമറി സ്‌കൂളിലുമായി വിദ്യാഭ്യാസം നടത്തി. അതിനുശേഷം കോട്ടപ്പുറം ഹൈസ്‌കൂളില്‍ പഠിച്ചു. തിരുവനന്തപുരം ശ്രീമൂലവിലാസം ഹൈസ്‌കൂളില്‍ നിന്നാണ് ഇംഗ്ലീഷ് സ്‌കൂള്‍ ലിവിംഗ് സര്‍ട്ടിഫിക്കേറ്റ് നേടിയത്. തുടര്‍ന്ന് കോളേജ് വിദ്യാഭ്യാസവും തിരുവനന്ത പുരത്തായിരുന്നു. 1946-48 കാലഘട്ടത്തില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും ഇന്റര്‍മീഡിയറ്റ് ഒന്നാം ക്ലാസ്സില്‍ പാസ്സായി. എഞ്ചിനിയറിങ്ങിന് പ്രവേശനം ലഭിച്ചുവെങ്കിലും അതുപേക്ഷിച്ച് എം ജി കോളേജില്‍ സാമ്പത്തികശാസ്ത്രം ഐച്ഛികവിഷയമായെടുത്ത് പഠിച്ചു.

മൃദംഗവിദ്വാനായിരുന്ന അച്ഛന്‍ കൊച്ചുഗോവിന്ദനാണ് സംഗീതത്തിലെ ആദ്യത്തെയും അവസാനത്തെയും ഗുരു. അച്ഛന് കൂടുതല്‍ ശിഷ്യഗണങ്ങള്‍ വായ്പ്പാട്ടിലായിരുന്നു. അതോടൊപ്പം നിരവധി ഗുരുക്കന്‍മാര്‍ വീണ, വായ്പ്പാട്ട് എന്നിവയും ദേവരാജനെ അഭ്യസിപ്പിച്ചു. 'കാക്കേ കാക്കേ കൂടെവിടെ' എന്ന ഗാനം, വളരെച്ചെറുപ്പത്തില്‍ത്തന്നെ തികച്ചും വ്യത്യസ്തമായ രീതിയില്‍ ചിട്ടപ്പെടുത്തിയ മാസ്റ്റര്‍ 1948-ല്‍ തന്റെ 17-ാം വയസ്സില്‍ വായ്പ്പാട്ടില്‍ അരങ്ങേറി. അതേത്തുടര്‍ന്ന് തന്റെ സംഗീതസാമ്രാജ്യത്തിന് അടിത്തറ നല്‍കിയ കച്ചേരികള്‍ നാട്ടിലെങ്ങും അവതരിപ്പിച്ചു തുടങ്ങി. ലളിത/ശാസ്ത്രീയ ഗാനങ്ങള്‍ തമിഴിലും തെലുങ്കിലും സംസ്‌കൃതത്തിലും ആലപിച്ചു. സ്വരസ്ഥാനങ്ങളുടെ കണിശതയും സംഗീത ശാസ്ത്രത്തിലുള്ള വിജ്ഞാനവും പരവൂര്‍ ദേവരാജന്‍ എന്ന സംഗീതജ്ഞനെ എല്ലാവര്‍ക്കും ഏറെ പ്രിയങ്കരനാക്കി. പ്രശസ്ത കവികളുടെ ഗാനങ്ങള്‍ വശ്യമായ ഈണത്തിലൂടെ ദേവരാന്‍ മാസ്റ്റര്‍ അവതരിപ്പിച്ചുകൊണ്ടേയിരുന്നു.

അപ്പോഴാണ് എന്തുകൊണ്ട് മലയാളം പാട്ടുകള്‍ക്ക് ഈണം നല്കിക്കൂടാ എന്ന ചിന്ത ഉള്ളിലുദിച്ചത്. അതോടെ നാട്ടിലെ ഏക കവിയായ എം കെ രാഘവന്‍ പിള്ളയുടെ 'സരസ്വതീ! നമോസ്തുതേ', ചങ്ങമ്പുഴയുടെ 'രാവില്‍ നിന്നോടു തോന്നിയ രഹസ്യങ്ങള്‍', 'വല്ലാതെ ഓടിത്തളര്‍ന്നു നാഥാ', 'കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി' എന്നിവക്കും, പി ഭാസ്‌കരന്റെ 'ഹൃദയവനികയില്‍', ജി ശങ്കരക്കുറുപ്പിന്റെ 'വെല്‍ക, വെല്‍ക, ജയശാലിനി' മുതലായ കവിതകള്‍ക്കും തന്റേതായ ഈണം നല്കി കച്ചേരികളില്‍ പാടിത്തുടങ്ങി.

കോളേജുകാലത്തെ ഇടതുപക്ഷ അനുഭാവം ദേവരാജനെ 'ജനയുഗ'ത്തില്‍ എത്തിച്ചു. വൈക്കം ചന്ദ്രശേഖരന്‍ നായരുമായി സൗഹൃദം സ്ഥാപിച്ചു. കൊല്ലം എസ് എന്‍ കോളേജിലെ സംഗീതസുഹൃത്തുക്കളുമായി ചേര്‍ന്ന് അവിടെ ഒരു സംഗീതസദസ്സ് രൂപപ്പെട്ടു. ഒരിക്കല്‍ അന്നത്തെ യുവ കവിയായിരുന്ന ഒ എന്‍ വി തന്റെ ആദ്യ കവിതാസമാഹാരം മാസ്റ്ററെ ഏല്പിച്ചു. അതിലെ ഒരു മാപ്പിളപ്പാട്ടാണ് 'താമരപ്പൂങ്കാവനത്തില്‍ താമസിക്കുന്നോളേ...' എന്ന മാപ്പിളപ്പാട്ട് വൃത്തത്തില്‍ എഴുതിയിരുന്ന 'പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളേ...' എന്ന കവിത മാസറ്ററുടെ ശ്രദ്ധയാകര്‍ഷിച്ചു. അത് ചിട്ടപ്പെടുത്താന്‍ ഏറെ താമസമെടുത്തില്ല.

1951-52-ല്‍ കോളേജിലെ യൂണിയന്‍ യോഗത്തില്‍ അന്നത്തെ വിദ്യാര്‍ത്ഥികള്‍, ജയില്‍ മോചിതനായ സഖാവ് എ കെ ഗോപാലന് നല്കിയ വിപുലമായ സ്വീകരണയോഗത്തില്‍ മാസ്റ്റര്‍ ആലപിച്ച 'പൊന്നരിവാള്‍ അമ്പിളിയില്...' എന്ന ഗാനം ശ്രദ്ധേയമായി. മലയാള ലളിതഗാനശാഖയുടെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടായ നിരവധി ഗാനങ്ങള്‍ ഇവര്‍ ചേര്‍ന്ന് വീണ്ടും സൃഷ്ടിച്ചു. ഈ ഗാനങ്ങളൊക്കെയും കെ പി എ സി യുടെ നിരവധി നാടകങ്ങളിലൂടെ മലയാളികളുടെ ചുണ്ടുകളിലുമെത്തി.

1951-ല്‍ രൂപംകൊണ്ടെ കെ പി എ സിയുടെ 1952-ലെ രണ്ടാമത്തെ നാടകം നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയില്‍ മാസറ്ററുടെ അഭാവത്തില്‍ ഈ ഗാനം അവര്‍ ഉള്‍ക്കൊള്ളിച്ചു. കെ എസ് ജോര്‍ജും സുലോചനയുമാണ് ഗാനാലാപകര്‍. ഒട്ടാകെ ആ നാടകത്തില്‍ 23 ഗാനങ്ങളുണ്ടായിരുന്നു. ഒട്ടുമിക്കവയും ഹിന്ദി, തമിഴ് ഈണങ്ങളിലുള്ളവയായിരുന്നു. പൊന്നരിവാള്‍ ശ്രദ്ധേയമായതോടെ, കെ പി എ സിയിലെ ഔദ്യോഗികസ്ഥാനത്തുള്ളവര്‍ ദേവരാജന്‍ മാസ്റ്ററെ വിളിച്ച് നാലഞ്ചു പാട്ടുകളുടെ കൂടി ഈണങ്ങള്‍ പരിഷ്‌കരിച്ചു.

ഇതിനിടയില്‍ കെ പി എ സി യില്‍ നിന്നും വിട്ടുനിന്നവര്‍ ചേര്‍ന്ന് 'കാളിദാസ കലാകേന്ദ്രം' എന്ന നാടകസമിതി രൂപീകരിച്ചു. ആ സമിതിയുടെ അദ്ധ്യക്ഷനായി ദേവരാജന്‍ മാസറ്റര്‍ പ്രവര്‍ത്തിച്ചു. സിനിമയില്‍ തിരക്കേറിയതോടെ സംഗീതക്കച്ചേരികളില്‍ നിന്നും പിന്‍വാങ്ങി.

1955-ല്‍ 'കാലം മാറുന്നു' എന്ന ചിത്രത്തില്‍ സംഗീതസംവിധാനം നിര്‍വഹിക്കാന്‍, നിര്‍മ്മാതാവായ കൈലാസ് നാരായണന്‍ അവസരം ലഭ്യമാക്കി. 'ആ മലര്‍പൊയ്കയിലാറാടിക്കളിക്കുന്നൊരോമന താമരപ്പൂവേ....', 'അമ്പിളി മുത്തച്ചന്‍ പിച്ച നടത്തുന്ന തച്ചത്രക്കൊച്ചുങ്ങളേ....' എന്നിവയായിരുന്നു ഗാനങ്ങള്‍. ദേവരാജന്‍ മാസ്റ്ററുടെ ആദ്യ സിനിമാ സംഗീത സംവിധാനവും, ഒ എന്‍ വി. കുറുപ്പിന്റെ ആദ്യ സിനിമാഗാനരചനയും ഇതുതന്നെ.

1957-ല്‍ ശിപായി ലഹളയുടെ 100-ാം വര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ വയലാറുമൊത്ത് 'ബലികുടീരങ്ങളേ...' എന്ന ഗാനം ചിട്ടപ്പെടുത്തി. അതൊരു വിപ്ലവഗാനമായിട്ടല്ല എഴുതിയത് എന്നോര്‍ക്കുക. ആ ഗാനത്തിന്റെ അവസാനമുള്ള 'ചെങ്കൊടി' എന്ന വാക്കിനുപകരം 'പൊന്‍കൊടി' അല്ലെങ്കില്‍ 'തൃക്കൊടി'യാക്കി മാറ്റിയാല്‍ 'മലനാട്ടിലെ മണ്ണില്‍ നിന്നിതാ...' എന്നെഴുതിയിട്ടുണ്ടെങ്കിലും സ്വാതന്ത്ര്യ സമരങ്ങളില്‍ മരിച്ചുപോയ രക്തസാക്ഷികളുടെ അനുസ്മരണമാകും' -മാസ്റ്റര്‍ കുറിച്ചു.

ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുന്നകാലത്ത് നിര്‍മ്മിച്ച പാളയത്തെ രക്തസാക്ഷിമണ്ഡപം ഉത്ഘാടനം ചെയ്യാന്‍ രാഷ്ട്രപതി ബാബൂ രാജേന്ദ്രപ്രസാദ് എത്തിയ വേളയില്‍ വി ജെ ടി ഹാളില്‍, അദ്ദേഹത്തിന്റെ മുമ്പില്‍ 25 പേരടങ്ങുന്ന ഗായകസംഘം 'ബലികുടീരങ്ങളേ..' ആലപിച്ചു.

1959-ലെ 'ചതുരംഗം' ആണ് ദേവരാജന്‍ മാസറ്ററുടെ അടുത്ത ചിത്രം. ഈ സിനിമയിലാണ് വയലാറുമായി ഒരുമിക്കുന്നത്. അതിലെ 'വസന്തരാവിന്റെ വാതില്‍ തുറന്നുവരും വാടാമലര്‍ക്കിളിയേ...', 'കാറ്റേ വാ, കടലേ വാ...' എന്നീ ഗാനങ്ങള്‍ ശ്രദ്ധേയമായി. ഇത് ഉള്‍പ്പെടെ 130-ഓളം ചിത്രങ്ങള്‍ക്ക് ഗാനമെഴുതിയത് വയലാറാണ്.

ഒട്ടാകെ 317 ചിത്രങ്ങള്‍ക്ക് സംഗീതം ചിട്ടപ്പെടുത്തി. 8 ചിത്രങ്ങളില്‍ പാട്ട് ഇല്ല. 38 നാടകങ്ങള്‍. ദൂരദര്‍ശന്‍, ആകാശവാണി, കാസറ്റ്, നൃത്തസംഘങ്ങള്‍ എന്നിവകള്‍ക്ക് ഉണ്ടാക്കിയ ഗാനങ്ങളുടെ കണക്കെടുത്തിട്ടില്ല. ഖൊയറിനുവേണ്ടി കുറച്ചുഗാനങ്ങള്‍ക്ക് അതിന്റെ രീതിയിലുള്ള ഇന്ത്യന്‍ ഗാനങ്ങള്‍ ചിട്ടപ്പെടുത്തി.

ദേവരാജസംഗീതം നാടന്‍ ഈണങ്ങളുടെയും ശാസ്ത്രീയ സംഗീതാടിത്തറയുടേയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെ മാധുര്യത്തിന്റെയും പാശ്ചാത്യസംഗീതത്തിന്റെ വൈവിധ്യത്തിന്റെയും സമ്മിശ്രമായിരുന്നു. അതുപോലെ ഗായകന്റെ/ഗായികയുടെ ശബ്ദത്തിന്റെ കാര്യത്തില്‍ അക്ഷരസ്ഫുടത, വികാരപൂര്‍ണ്ണത, ഭാവം എന്നിവയ്ക്കും മാസ്റ്റര്‍ പ്രാധാന്യം നല്‍കി. മലയാള ചല ച്ചിത്രഗാനശാഖയുടെ വളര്‍ച്ചയ്ക്ക് നിര്‍വചിക്കാനാവാത്ത സംഭാവനകള്‍ നല്‍കാനും അദ്ദേഹത്തിനായി. 65-ഓളം ഗാനരചയി താക്കള്‍, 137 ല്‍പ്പരം ഗായകര്‍ എന്നിവരുമായി സഹകരിച്ചു. 350 ലേറെ മലയാളം തമിഴ് ചലച്ചിത്രങ്ങളില്‍ 3000-ലേറെ ഗാനങ്ങള്‍ സൃഷ്ടിച്ചു. ദേവരാജന്‍ മാസ്റ്ററുടെ സംഭാവനകള്‍ കണക്കെടുക്കലുകള്‍ക്കുമപ്പുറത്താണ്.

1969 (കുമാരസംഭവം), 1970 (ത്രിവേണി), 1972, 1985 (ചിദംബരം) എന്നീ വര്‍ഷങ്ങളിലെ മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 1991-ല്‍ മികച്ച പശ്ചാത്തലസംഗീതത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും ലഭിച്ചു. സമഗ്രസംഭാവനയ്ക്കുള്ള ജെ സി ഡാനിയേല്‍ അവാര്‍ഡ് (1999), ഫിലിംഫാന്‍സ് അവാര്‍ഡ്, പ്രേംനസീര്‍ അവാര്‍ഡ്, നവചേതനയുടെ ആര്‍ ജി, മംഗലത്ത് അവാര്‍ഡ്, വര്‍ക്കല ടി എ മജീദ് അവാര്‍ഡ്, പട്ടത്തുവിള കരുണാകരന്‍ സ്മാരക അവാര്‍ഡ്, 'പേശും പടം' അവാര്‍ഡ് എന്നിവയാണ് നീണ്ടനാളത്തെ സംഗീതതപസ്സിനിടയില്‍ ലഭിച്ച മറ്റു പുരസ്‌കാരങ്ങള്‍, 'ദേവ ഗീതികള്‍' കൂടാതെ 'സംഗീതശാസ്ത്രനവസുധ', 'പാലപല്ലവി' എന്നീ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.

ദേവഗീതികളുടെ അവതാരികയില്‍ പി ഭാസ്‌കരന്‍; 'പരവൂര്‍ ജി ദേവരാജന്‍ എന്ന ദേവരാജന്‍ മാസ്റ്റര്‍ ഈണം നല്കിയിട്ടുള്ള നാടകഗാനങ്ങളും ഗ്രാമഫോണ്‍ റെക്കോര്‍ഡികളായി ഇറക്കിയ നിരവധി പാട്ടുകളും ചലച്ചിത്രഗാനങ്ങളും മലയാളിയുടെ കലാസമ്പത്തിന്റെ ഒരവിഭാജ്യഘടകമായിത്തീര്‍ന്നുകഴിഞ്ഞു. അവ അനശ്വരങ്ങളായിത്തീര്‍ന്നുകഴിഞ്ഞുവെന്ന് അതിശയോക്തിയില്ലാതെ പറയാം. ആ അമൂല്യ ഭണ്ഡാഗാരത്തില്‍ അദ്ദേഹം നിക്ഷേപിക്കുന്ന മറ്റൊരു വിശിഷ്ടാഭരണമാണ് നിരവധി ഗാനങ്ങള്‍ അടങ്ങിയ ദേവഗീതികള്‍ എന്ന ഈ ഗ്രന്ഥം'.

'മലയാള ചലച്ചിത്ര സംഗീതത്തെ തമിഴ്, ഹിന്ദി, ട്യൂണുകളുടെ യാന്ത്രികമായ അനുകരണത്തില്‍നിന്ന് മോചിപ്പിക്കുന്നതിലും, സ്വത്വശോഭയുള്ള ഒരു സംഗീതം മലയാള ചലച്ചിത്രത്തിനുവേണ്ടി രൂപപ്പെടുത്തുന്നതിലും തന്റേതായ ശൈലീമുദ്ര ഭദ്രമായി അതില്‍ പതിപ്പിക്കുന്നതിലും ദേവരാജന്‍ അതുല്യ ശോഭമായ പങ്കുവഹിച്ചിട്ടുണ്ട്. അതിന്റെ എക്കാലത്തും സൂക്ഷിച്ചുവെക്കാവുന്ന ഒരു രേഖ, അക്ഷരരേഖയാണ് ഈ സമാഹാരം. കേരളീയ ജീവിതത്തേയും സംസ്‌കാരത്തേയും സമ്പന്നമാക്കിയ ഒരു കലോപാസകന്റെ കൈവിരല്‍പ്പാടുകള്‍ ഈ സമാഹാരത്തിലുണ്ട്. കാലത്തിന് മായ്ക്കാനാവാത്ത ഒരു കയ്യൊപ്പും. അത് നിങ്ങളുടെ ഹൃദയത്തേയും തിളക്കുമാറാകട്ടെ എന്ന ആശംസയോടെ... ഒ എന്‍ വി കുറുപ്പും പുസ്തകത്തെ പ്രശംസിക്കുന്നു.

2006 മാര്‍ച്ച് 16-ാം തീയതി ദേവരാജന്‍ മാസറ്റര്‍ മരിച്ചു. ജന്മദേശമായ പരവൂര്‍ തന്നെ അടക്കം ചെയ്തു. പരവൂര്‍ മുതല്‍ പരവൂര്‍ വരെ സഞ്ചരിക്കുന്നതിനിടയില്‍ ദേവരാജന്‍ മാസ്റ്റര്‍ കാട്ടിത്തന്ന സംഗീതവിസ്മയം എന്നും കേരളത്തിന് മുതല്‍ക്കൂട്ടാണ്.

ഭാര്യ: ലീലാമണി ദേവരാജന്‍, മക്കള്‍: ശര്‍മിള, രാജനന്ദ, മരുമക്കള്‍: അശോക് ബാലന്‍, നിഷ, കൊച്ചുമക്കള്‍: ആദിത്, അമന്‍, അനന്യ. സഹോദരങ്ങള്‍: രവീന്ദ്രന്‍, ഗോമതി.

Comments